കപിൽ യുഗത്തിന്റെ അവസാനവും അസ്ഹർ യുഗവും.

കപിൽ യുഗത്തിന്റെ അവസാനവും അസ്ഹർ യുഗവും.
(Pic credit:Espncricinfo )

കപിൽ യുഗത്തിന്റെ അവസാനം മുതൽ അസ്ഹർ യുഗത്തിലൂടെ ദാദ യുഗത്തിലേക്ക് എത്തുന്നതിന് മുന്നേ വരെയുള്ള ഇന്ത്യ ടീമിന്റെ ലോകകപ്പ് പ്രകടനങ്ങളാണ് ഇന്നത്തെ കുറച്ചു ലോകകപ്പ് വിശേഷങ്ങളിൽ . 1987 മുതൽ 1999 വരെ ലോകക്കപ്പുകളിൽ രണ്ട് തവണ ഇന്ത്യ സെമിയിലേക്ക് എത്തുകയും ഒരു തവണ ഗ്രൂപ്പ്‌ സ്റ്റേജിലും ഒരു തവണ സൂപ്പർ സിക്സിലും പുറത്തായി.കപിൽ ദേവും മുഹമ്മദ് അസറുദ്ദീനുമാണ് ഈ കാലഘട്ടത്തിൽ ഇന്ത്യയെ നയിച്ചത്.

സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനാണ് കപിലിന്റെ ചെകുത്താന്മാർ 87 ലെ ലോകക്കപ്പിലേക്ക് എത്തിയത്.ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഒരു റൺസ് തോൽവിയുമായിയാണ് കപിലും കൂട്ടരും തുടങ്ങിയത്.എന്നാൽ ഗ്രൂപ്പിലെ ജേതാക്കളായി തന്നെ ഇന്ത്യ സെമിയിലേക്കെത്തി .നവ്ജോത് സിംഗ് സിദ്ധുവായിരുന്നു ഇന്ത്യയുടെ താരം.സെമിയിലൊഴിച്ചു ബാറ്റ് ചെയ്യാൻ കിട്ടിയ അവസരങ്ങളിൽ എല്ലാം അദ്ദേഹം ഫിഫ്റ്റിയും സ്വന്തമാക്കി.അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ഹാട്ട്രിക്ക് സ്വന്തമാക്കിയ താരമായി ചേതൻ ശർമ മാറിയതും ഗവസ്‌കർ തന്റെ ആദ്യത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയതുമെല്ലാം 87 ലോകക്കപ്പിലെ ഇന്ത്യയുടെ മാധുര്യമേറിയ ഓർമകളാണ്.

എങ്കിലും ലോകകപ്പ് സെമിയിൽ ഇന്ത്യൻ പ്രയാണം അവസാനിച്ചതോടെ നായകൻ സ്ഥാനം കപിൽ ഒഴിഞ്ഞതോടെ അടുത്ത ലോകകപ്പ് നയിക്കാൻ അസറുദ്ദീനായിരുന്നു നിയോഗം.ക്രിക്കറ്റിന്റെ ദൈവത്തിന്റെ ആദ്യത്തെ ലോകക്കപ്പും 92 ലേതായിരുന്നു.87 ലെ തനിയാവർത്തനം പോലെ വീണ്ടും ഓസ്ട്രേലിയക്ക് മുന്നിൽ ഒരു റൺസിന്റെ തോൽവി.ഇന്ത്യയും പാകിസ്താനും ആദ്യമായി പരസ്പരം ഏറ്റുമുട്ടിയതും ഈ ലോകക്കപ്പിലായിരുന്നു.43 റൺസിന് ഇന്ത്യ വിജയിച്ച മത്സരത്തിൽ സാക്ഷാൽ സച്ചിനായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.എല്ലാം ബൗളിനും അപ്പീൽ ചെയ്ത കിരൺ മോറേയേ കളിയാക്കി കൊണ്ട് ജാവേദ് മിയാന്ദത് നടത്തിയ ചാട്ടം ലോകക്കപ്പിലെ ഐക്കണിക്ക് മുഹൂർത്തങ്ങളിൽ ഒന്നാണ്.

വീണ്ടും ലോകകപ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക്.സച്ചിൻ ഇന്ത്യയെ ലോകക്കപ്പിൽ ഒറ്റക്ക് തന്നെ ചുമലിലേറ്റി എന്ന് തന്നെ പറയേണ്ടി വരും. സെഞ്ച്വറികളും 90 കളുമെല്ലാമായി സച്ചിൻ കളം വാണപ്പോൾ അനായാസമായി ഇന്ത്യ സെമിയിലേക്ക്.ഇതിനടയിൽ ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതിരെ വാഖർ യൂനസിനെ പല തവണ ബൗണ്ടറി കടത്തിയ അജയ് ജഡേജയും ആമീർ സോഹൈലുമായി ഉരസിയ വെങ്കിടേഷ് പ്രസാദിന്റെയും മികവിൽ ഇന്ത്യ സെമിയിലേക്ക്.

സ്വന്തം ആരാധകരുടെ മുന്നിൽ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ ശ്രീലങ്കക്ക് മുന്നിൽ തകർന്നടിഞ്ഞ കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത്.3 ന്ന് 99 എന്നാ നിലയിൽ നിന്ന് ഇന്ത്യ 8 ന്ന് 120 എന്നാ നിലയിലേക്ക് കൂപ്പുകുത്തിയതോടെ അക്ഷമരായ ആരാധകർ ഗ്രൗണ്ടിലേക്ക് പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചു എറിയുകയും ചെയ്തതോടെ മത്സരം തുടരാൻ കഴിയാതെയായി. തുടർന്ന് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

1999 ലോകകപ്പ് സച്ചിൻ വളരെ വൈകാരികമായ ഒരു ലോകകപ്പായിരുന്നു.സ്വന്തം അച്ഛൻ ലോകക്കപ്പിന് ഇടയിൽ മരിക്കുകയും സിമ്പാവേക്കെതിരെ ഇന്ത്യ തോറ്റ മത്സരം കളിക്കാൻ കഴിയാതെ നാട്ടിൽ പോയി അച്ഛനെ കണ്ട് തിരകെയെത്തി കെനിയക്കെതിരെ സെഞ്ച്വറി നേടി ആകാശത്തിലേക്ക് നോക്കി കണ്ണീർ പൊഴിക്കുന്ന സച്ചിനെ ഇന്നും ഒരു ക്രിക്കറ്റ്‌ പ്രേമിയും മറന്നു കാണാൻ ഇടയില്ല. ഗാംഗുലിയുടെ 183 ഉം ദ്രാവിഡിന് ഒപ്പം ചേർന്ന് ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയ 300+ കൂട്ടുകെട്ടുമെല്ലാം ഇന്ത്യൻ ആരാധകർക്ക് അത്ര എളുപ്പത്തിൽ മറക്കാൻ കഴിയുകയില്ല.ദാദ അന്ന് നേടിയ 183 ഇന്നും ലോകക്കപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. ദ്രാവിഡ്‌ അന്ന് നേടിയ സെഞ്ച്വറി ഇന്നും ലോകക്കപ്പിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടിയ ഒരേ ഒരു സെഞ്ച്വറിയുമാണ്.

കപിൽ യുഗത്തിൽ നിന്ന് അസ്ഹർ യുഗവും കടന്ന് ദാദ യുഗത്തിലേക്ക്..

(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )

16 days to go

കപിലിന്റെ ചെകുത്താന്മാർ ലോകം കീഴടക്കിയ കഥ

ഇന്ത്യയും ലോകക്കപ്പും ഭാഗം 1